കവിത Read Count : 65

Category : Poems

Sub Category : N/A
അതെ , ശൂന്യതയെക്കുറിച്ച് തന്നെയാണ് പറഞ്ഞുവന്നത് !
                 ***
ദൈവമാവുകയെന്നാൽ 
അത്ര ചെറിയ കാര്യമൊന്നുമല്ല!.
മനുഷ്യരായ മനുഷ്യരൊക്കെ 
ഉറങ്ങിക്കിടക്കവെ 
ദൈവം ഉറക്കമിളച്ചിരിക്കണം
എന്ന വാശിയൊന്നുമില്ല 
എന്നാൽ
ദൈവങ്ങളെ
'എന്തു ദൈവമെന്ന്? '
മനുഷ്യർ പറയുന്നതിലെ 
ഹാസ്യം
ആക്ഷേപഹാസ്യമായി 
മാറാതിരിക്കുന്നിടത്തോളം
ദൈവം 
ചില നീക്കുപോക്കുകൾ 
നടത്തേണ്ടതായിട്ടുണ്ട്! 
'ഒരാശ്രയമില്ലാതെ
മനം മടുത്ത്  
ഒരു കയറിൽ കുരുങ്ങി കിടക്കെയാവും 
ചിലപ്പോൾ 
ഒരാഗ്രഹം 
ജീവിതമായി രൂപപ്പെടുക?
അതുതന്നെ
ദൈവമെന്ന് 
കരുതുകയുമാവാം.'
പക്ഷെ 
നിത്യമായി 
ഒരു നീതിയുമില്ലാതെ 
ഒരനീതിയെ 
നോക്കിനിൽക്കാൻ 
ദൈവത്തിനാവുമോ?
എന്നിട്ടും 
സംഭവിക്കുന്നു
പാടില്ലാത്തതൊക്കെയും.  
അവർ 
പട്ടിണിയിലും 
അവൾ ബലാൽസംഗം ചെയ്യപ്പെട്ടും 
മരിക്കുന്നു. 
സംഭവിക്കരുതായിരുന്നു 
ഒന്നും. 
എന്നിട്ടും 
സംഭവിക്കുന്നു പലതും
പല ഇടങ്ങളിൽ 
പലതും 
സംഭവിക്കുന്നു;
സംഭവിക്കാൻ 
പാടില്ലാത്തതൊക്കെയും
സംഭവിക്കുന്നു!. 
ഞാനുമൊരു മനുഷ്യനല്ലേ 
എത്രയെന്ന് വെച്ചാണ് തടയുക? 
എവിടെയൊക്കെയാണ്
കണ്ണയക്കുക? 
ഇങ്ങനെ മുടന്തൻ ന്യായങ്ങൾ 
ഇവിടെ വിലപ്പോവില്ല 
ദൈവമേ?!.    
'ന്യായീകരണങ്ങൾi
ഇപ്പോഴുമിവിടെ കോടതി കയറിയിറങ്ങുകയല്ലെ?' 
നീതിയില്ല 
നിയമമില്ല 
ഇല്ല, 
ഒന്നുമില്ല 
ദൈവമേ!
'ഒന്നുമില്ലായ്‌മയിൽ നിന്ന് 
ഒന്നുമുണ്ടാവില്ല
ദൈവമേ   
ഒന്നുമുണ്ടാവില്ല.!!
       ****
(ദിനേശൻ വരിക്കോളി)


Comments

  • Dec 11, 2019

Log Out?

Are you sure you want to log out?